വെളളനാട്: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫയർ സഹകരണ സംഘം മുൻ പ്രസിഡന്റ് എം.മോഹനകുമാറിന്റെ മരണക്കുറിപ്പിൽ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയുൾപ്പെടെ ആറുപേർക്കെതിരെ പരാമർശം. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോഹനകുമാറിന്റെ മക്കൾ കൃപയും ഡോ.കൃഷ്ണയും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
മോഹനന്റെ മരണക്കുറിപ്പ് പുറത്ത് വിട്ടുകൊണ്ടാണ് കുടുംബം പരാതി നൽകിയത്. ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ കോഴക്കേസിൽ കള്ളമൊഴി നൽകണമെന്ന് വെള്ളനാട് ശശി പിതാവിനെ നിർബന്ധിച്ചതായും, അദ്ദേഹം സിപിഎമ്മിൽ ചേർന്നപ്പോൾ കൂടെ ചേരാൻ നിർബന്ധിച്ചിരുന്നതായും മക്കൾ പറയുന്നു.
സംഭവത്തിൽ സമഗ്രമായി അന്വേഷണം നടത്തണമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 20-ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോർട്ടിന് പുറകിലാണ് മോഹനനെ തൂങ്ങിമരിച്ച ചെയ്ത നിലയിൽ കണ്ടെത്തിയത്. നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കാത്തതിനാൽ കോൺഗ്രസ് ഭരിച്ചിരുന്ന സഹകരണസംഘത്തിനെതിരെ ഏറെനാളായി പ്രതിഷേധം നിലനിന്നിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ 34 കോടി രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്.