മുംബൈ: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത് പ്രായമയതുകൊണ്ടല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തനിക്കിപ്പോഴും മൂന്ന് ഫോര്‍മാറ്റിലും അനായാസം കളിക്കാനാകുമെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് വ്യക്തമാക്കി.
പ്രായമായതുകൊണ്ടാണോ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്നായിരുന്നു രോഹിത്തിനോട് അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഒരിക്കലുമല്ലെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. കഴിഞ്ഞ 17 വര്‍ഷം ഞാന്‍ ആസ്വദിച്ചു കളിക്കുകയും മികവ് കാട്ടുകയും ചെയ്തു. ഇനിയും മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള ശാരീരികക്ഷമതയും മാനസികാവസ്ഥയും എനിക്കുണ്ട്. പക്ഷെ ലോകകപ്പ് നേടിയപ്പോള്‍ ഇതാണ് ഈ ഫോര്‍മാറ്റ് മതിയാക്കാനുള്ള ശരിയായ സമയമെന്ന് എനിക്ക് തോന്നി. കാരണം, ജീവിതത്തിലെ മറ്റ് കാര്യങ്ങളിലും നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാമല്ലോ. ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന എത്രയോ മികച്ച കളിക്കാര്‍ പുറത്ത് കാത്തുനില്‍പ്പുണ്ട്.അതുകൊണ്ട് പ്രായമായി എന്ന് തോന്നിയതു കൊണ്ടല്ല വിരമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഇപ്പോഴും കളിക്കാനുള്ള ശാരീരികക്ഷമത എനിക്കുണ്ട്. ഫിറ്റ്നെസ് എന്നത് നമ്മുടെ മനസിലും നമ്മള്‍ എങ്ങനെ പരിശീലിക്കുന്നു എന്നതിലാണുമുള്ളത്. ശരീരത്തിന് പ്രായമായാലും മനസിന് പ്രായമാകുന്നില്ലല്ലോയെന്നും രോഹിത് ചോദിച്ചു.