കിഡ്നി സ്റ്റോൺ മാറാൻ മൂത്രം കുടിക്കാൻ ഉപദേശിച്ചാൽ എന്താകും! എങ്കിൽ ഇങ്ങനെയൊരു അബദ്ധം പറഞ്ഞ് എയറിലായിരിക്കുകയാണ് എഐ അടിസ്ഥാനമാക്കി നിർമ്മിച്ച സെർച്ച് സാങ്കേതിക വിദ്യയായ എസ്.ജി.ഇ (Search Generative Experience). ഇത് കാരണം പുലിവാല് പിടിച്ചതാകട്ടെ ഗൂഗിളും. എക്സിന്റെ യൂസറാണ് ആശാസ്ത്രീയവും വിചിത്രവുമായ ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
കിഡ്നി സ്റ്റോൺ എങ്ങനെ മാറ്റാം എന്നതായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് ഓരോ 24 മണിക്കൂറിലും നിങ്ങളുടെ രണ്ട് ലിറ്റർ മൂത്രം കുടിക്കാനുള്ള ഉപദേശം ലഭിച്ചത്. ഇതിന് പിന്നാലെ വെള്ളം, ഇഞ്ചി നീര്, നാരങ്ങാ വെള്ളം, നാരങ്ങ സോഡ അല്ലെങ്കിൽ പഴച്ചാർ കുടിക്കാനും നിർദ്ദേശത്തിൽ പറയുന്നുണ്ട്. സംഭവം വൈറലായതോടെ അപകടകരമായ നിർദേശം നല്കിയ ഗൂഗിളിനെ വിമർശിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിലെത്തി. ഗൂഗിളിന്റെ എഐ സംവിധാനം നിരവധി വിമർശനങ്ങളാണ് ഇപ്പോൾ നേരിടുന്നത്.