തിരുവനന്തപുരം: ലോകത്തെ ആകെ വിൻഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച ആന്‍റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്നാണ് വിലയിരുത്തല്‍. ക്രൗഡ്‌സ്ട്രൈക്ക് കമ്പനിയുടെ സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് വലിയ പ്രതിസന്ധിക്ക് വഴിവച്ചത്. പ്രശ്നം പരിഹരിച്ചെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം, ലോകം മുഴുവൻ നിശ്ചലമായപ്പോഴും കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതേയില്ല. ലോകമാകെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള ഓഫീസുകൾ നിശ്ചലമാകുകയും വിമാനങ്ങളുൾപ്പെടെ റദ്ദ് ചെയ്യുകയും ചെയ്ത പ്രശ്നം പക്ഷേ കേരളത്തിലെ പൊതുമേഖലയെ ബാധിച്ചില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ഉബുണ്ടു ആണ് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നതുകൊണ്ടാണ് ലോകമാകെ വലിയ നഷ്ടം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്‍റെ തകരാർ കേരളത്തെ ബാധിക്കാതിരുന്നത്. കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്.