പോത്തൻകോട്: മണ്ണ്,ഭൂമാഫിയ സംഘത്തില്‍ നിന്ന് പണം കൈപ്പറ്റിയ സംഭവത്തില്‍ പോത്തൻകോട് എസ്.എച്ച്.ഒ ഇതിഹാസ് താഹ, അഡിഷണല്‍ എസ്.ഐ.വിനോദ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ റേഞ്ച് ഐ.ജി നിശാന്തിന് നല്‍കിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ആരോപണത്തില്‍ കഴിഞ്ഞ ദിവസം രണ്ടുപേർക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. പൊലിസ് ഉദ്യോഗസ്ഥർക്ക് പണം കൊടുക്കുന്നതിനെപ്പറ്റിയുള്ള മണ്ണ് മാഫിയാ സംഘത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് വകുപ്പുതല അന്വേഷണം നടത്തിയത്. ഫോണ്‍ സംഭാഷണം മാഫിയാസംഘത്തില്‍ നിന്ന് ചോർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.വാട്ട്സ്‌ആപ്പ് വഴിയാണ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയ സംഘവുമായി ബന്ധം പുലർത്തിയിരുന്നത്. എസ്.എച്ച്.ഒയും അഡി.എസ്.ഐയും പണം കൈപ്പറ്റിയെന്ന് ആരോപണമുണ്ടായ സ്ഥലം സന്ദർശിച്ച അന്വേഷണ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.