നെയ്യാറ്റിൻകര: ബാലരാമപുരത്തെ ഗോപൻ സ്വാമിയുടെ ‘ ദുരൂഹ സമാധി’ തത്കാലം തുറന്ന് പരിശോധിക്കില്ല. കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധിച്ച് രംഗത്ത് വന്നതോടെയാണ് തത്കാലം കല്ലറ തുറക്കേണ്ടെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് തീരുമാനിച്ചത്. കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ഉച്ചയോടെ നടന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്നാലെ ഒരു വിഭാഗം നാട്ടുകാരുടെ പ്രതിഷേധിച്ച് രംഗത്തെത്തി.
നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.