തിരുവനന്തപുരം: 77 ാമത് ദേശീയ അക്വാട്ടിക് വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം കിരീടം കേരളത്തിന്. സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളം കരുത്തരായ ബംഗാളിനെ തോല്‍പ്പിച്ചു. ആറിനെതിരെ പതിനാല് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. മത്സരത്തില്‍ ബംഗാളാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നീട് ഉണര്‍ന്ന് കളിച്ച കേരളം എല്ലാ ക്വാര്‍ട്ടറിലും ലീഡ് നിലനിര്‍ത്തി. കേരളത്തിന്റെ കൃപയാണ് മത്സരത്തിലെ താരം. എല്ലാം മത്സരങ്ങളും വിജയിച്ച് തോല്‍വി അറിയാതെയാണ് കേരളത്തിന്റെ കിരീടനേട്ടം. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്ര വെങ്കലം നേടി.
പുരുഷന്‍മാരുടെ വിഭാഗത്തില്‍ സര്‍വീസസിന് കിരീടം. സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ റെയില്‍വേസിനെ എട്ടിനെതിരെ 12 ഗോളുകള്‍ക്കായിരുന്നു സര്‍വീസസിന്റെ ജയം. വിജയികളായ സര്‍വീസസില്‍ എട്ടും റെയില്‍വേസില്‍ അഞ്ചും മലയാളി താരങ്ങളുണ്ട്. മലയാളി താരം കൃപയാണ് ചാമ്പ്യന്‍ഷിപ്പിന്റെ മികച്ച വനിതാ താരം. പുരുഷ വിഭാഗത്തില്‍ സര്‍വീസസിന്റെ ബാഗേഷ് മികച്ച താരമായി.
പുരുഷന്‍മാരുടെ വെങ്കലമെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ പോലിസിനെ തകര്‍ത്ത് മഹാരാഷ്ട്ര. ഇഞ്ചോടിഞ്ച് പോരാട്ട്തിനൊടുവില്‍ പതിനൊന്നിന് എതിരെ പതിനഞ്ച് ഗോളുകള്‍ക്കായിരുന്നു മഹാരാഷ്ട്രയുടെ ജയം. സൂപ്പര്‍ ലീഗിലെ എല്ലാ മത്സരങ്ങളും തോറ്റ ഇന്ത്യന്‍ പോലീസ് പോയിന്റ് പട്ടികയില്‍ നാലാമതായി ഫിനിഷ് ചെയ്തു.
ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ചടങ്ങ് വിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മത്സരത്തിലെ വിജയികള്‍ക്ക് ട്രോഫിയും സമ്മാനിച്ചു. കേരള സ്‌പോര്‍ട്‌സ് & യൂത്ത് അഫേഴ്‌സ് ഡയറക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ്, സ്വിമ്മിംങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മൊനാല്‍ ചോക്‌സി, മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍, സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ടെക്‌നികല്‍ കമ്മിറ്റി ചെയര്‍മാനും കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറലുമായ എസ്. രജീവ്, കേരള അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറി മുരളീധരന്‍, ജോ സെക്രട്ടറി ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.