പോത്തൻകോട് : ലോകത്തിന് മുന്നിൽ ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും പുതിയ വെളിച്ചവുമായി ശാന്തിഗിരി ഫെസ്റ്റ്. നവജ്യോതി ശ്രീകരുണാകരഗുരു വിഭാവനം ചെയ്ത ആതുരസേവനത്തിന്റെ മഹത്തായ മാതൃകയെ അടിസ്ഥാനമാക്കി ഫെസ്റ്റിൽ ഒരുക്കിയ ഹെൽത്ത്കെയർ പവലിയൻ വേറിട്ട അനുഭവമാണ്. സകലവിധശാസ്ത്രങ്ങളെയും ആദരിച്ചും ബഹുമാനിച്ചും സ്നേഹിച്ചും ഒരു നവആരോഗ്യധർമ്മസിദ്ധാന്തത്തിന് ശാന്തിഗിരിയിൽ നിന്നും തുടക്കം കുറിയ്ക്കണം എന്നായിരുന്നു ഗുരുവിന്റെ ആഗ്രഹം. ഒരു മൺകലത്തിൽ കഷായമുണ്ടാക്കി തുടങ്ങിയ ശാന്തിഗിരിയൂടെ ആതുരസേവനരംഗം ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.
ഗുരുവിന്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് മുന്നോടിയായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്നുവരുന്ന ഫെസ്റ്റിൽ പാരമ്പര്യവും തനിമയും ചോരാതെ തയ്യാറാക്കിയ നവആരോഗ്യധർമ്മകേന്ദ്രം ഇന്ന് സന്ദർശകർക്കായി തുറന്നുകൊടുത്തു. മുൻമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആത്മവിദ്യാലയം പ്രിൻസിപ്പൽ മെന്റർ ഡോ. ജി.ആർ. കിരൺ, അഡ്വൈസർമാരായ സബീർ തിരുമല, ജയപ്രകാശ്.എ, ജനയുഗം യൂണിറ്റ് മാനേജർ ഉദയൻ.ആർ, ഫെസ്റ്റ് കോര്‍ഡിനേഷന്‍ ഓഫീസ് മേധാവി സ്വാമി ഭക്തദത്തന്‍, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ഡി.കെ. സൗന്ദരരാജൻ, ഡോ.ജനനി രമ്യപ്രഭ , ഡോ.ജനനി ഗുരുപ്രീതി, ഡോ. ബി. രാജ്കുമാര്‍, എം.അനിൽകുമാർ, ഷോഫി.കെ , ഷാജി ഇ.കെ, പ്രമോദ് എം.പി എന്നിവര്‍ സംബന്ധിച്ചു.