തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളി ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച നവീന്‍ തോമസ് ഒരു വൈദികനെയും രണ്ടു സുഹൃത്തുക്കളെയും തന്റെ ആശയത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിൽ അഭയം തേടണം, അല്ലെങ്കില്‍ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില്‍ അഭയം തേടണമെന്നാണ് മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ ദേവിയിലേക്കും ആര്യയിലേക്കും പകര്‍ന്നത് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ നവീനാണ്. സുഹൃത്തുക്കളായ രണ്ട് ഡോക്ടര്‍മാരെയും ഒരു വൈദികനെയും ഈ ആശയത്തിലേക്ക് സ്വാധീനിക്കാൻ നവീന്‍ ശ്രമിച്ചു. വൈദികന്‍ ഈ ആശയങ്ങളില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാൽ നവീന്‍ ആ സൗഹൃദം ഉപേക്ഷിച്ച് അന്ധവിശ്വാസങ്ങളുമായി മുന്നോട്ട് പോയി എന്ന് പൊലീസ് പറയുന്നു.
ഹോട്ടല്‍ മുറിയിലാണ് നവീന്‍, ദേവി, ആര്യ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവിയുടെയും ആര്യയുടെയും കൈ ഞരമ്പുകള്‍ മുറിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. രണ്ടുപേരും ജീവനൊടുക്കാന്‍ തയ്യാറായിരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ടുപേരുടെയുടെ ഞരമ്പ് മുറിച്ച ശേഷമാണ് നവീന്‍ ജീവനൊടുക്കിയതെന്നും അന്വേഷണസംഘം കണ്ടെത്തി.