നാവായികുളം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും വിദ്യാകിരണം പദ്ധതിയുടെയും അടിസ്ഥാനശിലകളിലൊന്ന് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങളുടെ വികസനമാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നവായിക്കുളം പുല്ലൂർമുക്കിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ ഗവൺമെന്റ് എം.എൽ.പി സ്‌കൂളിലെ ബഹുനില മന്ദിരത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും ജന്മാവകാശമാണെന്ന സർക്കാരിന്റെ നയമാണ് വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നിരവധി മുന്നേറ്റങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
2,595 കോടി രൂപ മുതൽ മുടക്കിൽ കിഫ്ബിയുടെ പിന്തുണയോടെ 973 സ്‌കൂളുകൾക്ക് കെട്ടിടം പണിയാൻ അനുമതി നൽകിയതായി മന്ത്രി പറഞ്ഞു. ചടങ്ങിൽ. വി.ജോയി എം.എൽ.എ അധ്യക്ഷനായിരുന്നു.വി.ജോയ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പ്രവേശന കവാടം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമാണ ചുമതല വഹിച്ചത്.സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി, മറ്റ് ജനപ്രതിനിധികൾ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല യു.എസ്, സ്‌കൂൾ പ്രധാനാധ്യാപിക എൽ.ജയലക്ഷ്മി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു