തിരുവനന്തപുരം: എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി മാത്രം പോര, മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്ന് യുവനടി രേവതി സമ്പത്ത്. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രേവതി തനിക്ക് സിനിമാ മേഖലയിൽ നേരിടേണ്ടി വന്ന കൂടുതൽ ദുരനുഭവങ്ങൾ വെളിപ്പെടുത്തി. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെതെന്നും സിദ്ദിഖിന്റെ രാജി അത്ര നിഷ്കളങ്കമായി തോന്നുന്നില്ലെന്നും രേവതി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ പൊലീസിൽ പരാതി നൽകി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രേവതി പറഞ്ഞു.
നടൻ റിയാസ് ഖാന്റെ അടുത്ത് നിന്നുമുണ്ടായ മോശം അനുഭവവും രേവതി വിശിദീകരിച്ചു. സെറ്റിൽ നിന്നും നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച താരം തന്നോട് വളരെ മോശമായി സംസാരിച്ചു. സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ചു തരാൻ പറഞ്ഞുവെന്നും രേവതി ആരോപിച്ചു. സംവിധായകൻ രാജേഷ് ടച്ച്റിവറിന് എതിരായ ആരോപണത്തിലും രേവതി ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് അദ്ദേഹത്തിന്റേതെന്നും രേവതി പറഞ്ഞു.
ഓഡീഷൻ എടുത്ത് ടാലന്റ് കണ്ട് ക്യാരക്ടറുമായി മാച്ച് ചെയ്താലും അടുത്ത സ്റ്റെപ്പായി പറയുന്നത് അഡ്ജസ്റ്മെന്റാണെന്നും ആ രീതിയിൽ തന്റെ മനസ്സ് മടുത്തതാണെന്നും രേവതി കൂട്ടിചേർത്തു. കഴിഞ്ഞ ദിവസം രേവതി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് രാജിവെച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
‘പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാന്‍ പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്‍ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,’ രേവതി പറഞ്ഞു.
സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്‌നവും മാനസികാരോഗ്യവുമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് മാത്രമല്ല, എന്റെ പല സുഹൃത്തുകള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവമുണ്ടായിട്ടുണ്ട്,’ രേവതി പറഞ്ഞു.