വര്‍ക്കല: ശ്രീനാരായണഗുരുവിന്റെ മാനവികദര്‍ശനത്തെ ഹൃദയം കൊണ്ടേറ്റുവാങ്ങി അതു പ്രവര്‍ത്തിപഥത്തിലെത്തിച്ചുകൊണ്ട് സമൂഹത്തെ നന്മയിലൂടെ നയിക്കുന്നതില്‍ വളറെയേറെ ശ്രദ്ധ ചെലുത്തിയ ജീവിതമായിരുന്നു ശ്രീകരുണാകരഗുരുവിന്റേതെന്നും ശാന്തിഗിരി ആശ്രമം ഒരു മാതൃകാ ആദ്ധ്യാത്മിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ സന്തോഷവും അഭിമാനമാനവുമുണ്ടെന്നും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ശാന്തിഗിരി അവധൂതയാത്രസംഘം വര്‍ക്കല ശിവഗിരിയില്‍ എത്തിയപ്പോള്‍ യാത്രികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഗുരു സഞ്ചരിച്ച വഴിയിലൂടെ ശിഷ്യന്‍ വീണ്ടും സഞ്ചരിക്കുക എന്നത് വളരെയധികം മഹത്വപൂര്‍ണമാണ്. പുണ്യസങ്കേതങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പുണ്യാത്മാക്കളുടെ സ്മരണകളും ചിന്തകളും പ്രവര്‍ത്തനങ്ങളുമൊക്കെ അറിയുവാനും അറിയിക്കുവാനും അതുവഴി മാതൃകാപരമായി ജീവിക്കുവാനും കഴിയും. ഭൗതികതയിലും അദ്ധ്യാത്മികതയിലും അശാന്തിയും അസ്വസ്ഥതകളും വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ശ്രീനാരായണ ഗുരുദേവന്റെയും ശ്രീകരുണാകരഗുരുവിന്റെയും ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. തൊണ്ണൂറുകളില്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കാനും ഗുരുവിനെ കാണാനും അവസരം ലഭിച്ചിട്ടുണ്ടെന്നും ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിലെ എല്ലാവരും ഒരുമിച്ച് ശിവഗിരി സന്ദര്‍ശിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.