തിരുവനന്തപുരം : കഴിഞ്ഞ 15 വര്‍ഷക്കാലത്തെ തിരുവനന്തപുരം മണ്ഡലത്തിലെ വികസനരേഖ പുറത്തിറക്കി ഡോ. ശശി തരൂര്‍ എം.പി. തുടര്‍ച്ചയായ മൂന്ന് പ്രാവശ്യം തിരുവനന്തപുരെത്ത ജനപ്രതിനിധിയെന്ന നിലയില്‍ 2009 മുതല്‍ 2024 വരെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ടാണ് തിരുവനന്തപുരം പ്രസ് ക്ലബില്‍ പ്രകാശനം ചെയ്തത്. ഇക്കഴിഞ്ഞ 15 വര്‍ഷക്കാലം ഒന്നും ചെയ്തിട്ടില്ലെന്ന എതിരാളികളുടെ ആരോപണത്തിന് മറുപടി കൂടിയായിരുന്നു ഈ പ്രോഗ്രസ് റിപ്പോര്‍ട്ട്. വികസനത്തിനൊപ്പം നിലപാട് കൂടി പറഞ്ഞ് വോട്ട് ചോദിക്കുമെന്ന് തരൂർ പറഞ്ഞു.താൻ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുപോലെ കഴക്കൂട്ടം-കാരോട് ദേശീയപാത 47ലെ അവശേഷിച്ചിരുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ടെന്ന് അദേഹം പറഞ്ഞു.