കഴക്കൂട്ടം: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടായി. ഇന്നലെ 5 മണിയോടെ വീശിയടിച്ച കാറ്റിൽ മേനംകുളം ആറാട്ട് വഴി തുമ്പ റോഡിൽ മരിയൻ എൻജിനീയറിങ് കോളജിനു സമീപം നിന്ന കൂറ്റൻ വാകമരം കടപുഴകി രണ്ടു വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിലേയ്ക്കു വീണു. കഴക്കൂട്ടം, ചാക്ക , ചെങ്കൽ ചൂള, വെഞ്ഞാറമൂട്, എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ എടുത്താണ് മരച്ചില്ലകൾ മുറിച്ചു മാറ്റിയത്. ഇതു വഴിയുള്ള വാഹന ഗതാഗതം 5 മണിക്കൂറോളം മുടങ്ങി . രാത്രി വൈകിയും വൈദ്യുത വിതരണം പുന:സ്ഥാപിച്ചിട്ടില്ല. അതേസമയം കാറ്റിൽ കാര്യവട്ടം, പുല്ലാന്നിവിള , ശ്രീകാര്യം മേഖലയിലും മരങ്ങൾ ഒടിഞ്ഞു വീണു. ഗതാഗത തടസ്സപ്പെട്ടും കാര്യവട്ടം – പാങ്ങപ്പാറ മേഖലയിൽ മണിക്കൂറുകളോളം. വൈദ്യുതി വിതരണം മുടങ്ങി.