തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. സജീർ, വിഷ്‌ണു, ബാബു എന്നിവരെയാണ് പിടികൂടിയത്.തിരുവനന്തപുരം പാലോട് പാണ്ഡ്യൻപാറ വനമേഖലയോട് ചേർന്നിരിക്കുന്ന ബിവറേജസിലാണ് സംഭവം നടന്നത്. വാമനപുരം എക്‌സെെസ് വകുപ്പിന്റെ കീഴില്‍ വരുന്ന ഷോപ്പാണിത്. മോഷണ കേസില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതികളാണ് വീണ്ടും മോഷണം നടത്തിയത്.
മദ്യം മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിയുന്നത് ശ്രദ്ധയില്‍പെട്ട മോഷ്ടാക്കള്‍ അതിന്റെ ഹാർഡ് ഡിസ്കും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു. ഔട്ട്‌ലെറ്റില്‍ നിന്നും വിലകൂടിയ മദ്യങ്ങളാണ് ഇവർ മോഷ്ടിച്ചത്. ബിവറേജസ് തുറക്കാൻ മാനേജർ രാവിലെ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൊബെെല്‍ ഫോണും മോഷണം പോയതായി ജീവനക്കാർ പറഞ്ഞു.
മദ്യക്കുപ്പികള്‍ വലിച്ച് വാരി നിലത്ത് വിതറിയ നിലയിലായിരുന്നു. കൂടാതെ പ്രതികള്‍ മദ്യം നിലത്ത് ഒഴിച്ച് കളഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. സ്ഥാപനത്തിലെ കമ്ബ്യൂട്ടർ ഉള്‍പ്പടെയുള്ള ഉപകരണങ്ങളുടെ കേബിളുകള്‍ എല്ലാം ഊരി ഇട്ടിരുന്നു. പാലോട് പൊലീസാണ് കേസ് അന്വേഷിച്ചത്. വിരല്‍ അടയാളങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.