Tuesday, February 11, 2025
Online Vartha
HomeKeralaവ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ത്തി വയ്പ്പിച്ചു

വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ത്തി വയ്പ്പിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്. ഈ ഡ്രൈവ് രഹസ്യമാക്കി വച്ച് മുന്നറിയിപ്പില്ലാതെയാണ് പരിശോധനകള്‍ നടത്തിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു.

 

രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി. സംസ്ഥാനത്തുടനീളം 134 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 368 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 458 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 9 സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡികേഷന്‍ നടപടികളും ആരംഭിച്ചു.

 

തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂര്‍ 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂര്‍ 169, കാസര്‍ഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്. കോഴിക്കോട് 28, കൊല്ലം 21, തിരുവനന്തപുരം 16, തൃശൂര്‍ 11, എറണാകുളം 7, മലപ്പുറം 7, കണ്ണൂര്‍ 6, ആലപ്പുഴ 5, കോട്ടയം 5, പത്തനംതിട്ട 1 എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചത്.

 

ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി വരുന്ന പരിശോധനകള്‍ക്ക് പുറമേയാണ് ഈ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്. കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം.ഓണ്‍ലൈന്‍ വിതരണക്കാരും തട്ടുകടക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!