തൃശൃര്‍: കൊടുങ്ങല്ലൂരില്‍ പ്രസവ ശസ്ത്രക്രിയ്ക്കുശേഷമുള്ള ചികിത്സക്കിടെ യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സിസേറിയനിലൂടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ചെന്ത്രാപ്പിന്നി സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി കാർത്തികയാണ് ചികിത്സയ്ക്കിടെ മരിച്ചത്. പ്രസവ ശേഷം ഒമ്പത് ദിവസം താലൂക്ക് ആശുപത്രിയില്‍ കിടന്നിരുന്നു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് പഴുപ്പു കണ്ടതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു.
ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കിയെങ്കിലും കൂടുതല്‍ ആന്തരികാവയവങ്ങളിലേക്ക് പഴുപ്പ് ബാധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കാര്‍ത്തിക മരിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് കാര്‍ത്തികയുടെ ഭര്‍ത്താവ് അഷിമോന്‍ ആരോപിച്ചു. പിഴവു വരുത്തിയ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ സമരം തുടങ്ങുമെന്ന് കാർത്തികയുടെ ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തില്‍ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
തൃശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയില്‍ മറ്റൊരു ദാരുണ സംഭവം കൂടി ഉണ്ടായത്. മാള സ്വദേശിനി നീതു (31) ആണ് പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.