ശ്രീകാര്യം : ശ്രീകാര്യം സിഇടി മെൻസ് ഹോസ്റ്റലിലും സമീപത്തെ 12 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളിലും കഴിഞ്ഞ മൂന്നു ദിവസമായി വെള്ളമില്ല . ഇതോടെ ക്ലാസുകൾ ഓൺലൈനാക്കി. ചൊവ്വാഴ്ച രാവിലെ മുതൽ മെൻസ് ഹോ്സറ്റലിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ ജല വിതരണം നിലച്ചു.വാട്ടർ അതോറിറ്റിയോട് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാൻ അഭ്യർത്ഥിച്ചെങ്കിലും നടന്നില്ല. സ്വകാര്യ ടാങ്കർകാരോട് ആവശ്യപ്പെട്ടെങ്കിലും എത്തിക്കാൻ വെള്ളമില്ലെന്നാണ് മറുപടി. കുളിക്കാനും കുടിക്കാനും വെള്ളമില്ലാതെ മൂന്നു ദിവസമായി സിഇടി മെൻസ് ഹോസ്റ്റലിലെ 400 ഓളം വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്. അതേസമയം ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല.
വെള്ളം മുടങ്ങിയതോടെ തിങ്കളാഴ്ച വിദ്യാർഥികൾ സമരത്തിനിറങ്ങിയതിനാൽ ക്ലാസ് നടന്നില്ല. ചൊവ്വാഴ്ച ഓൺലൈനായി ക്ലാസ് നടത്തി. ബുധനാഴ്ച്ച ഉച്ചവരെ റഗുലർ ക്ലാസ് നടത്തി. വെളളമില്ലാത്തതിനാൽ കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസാക്കി. നാളെ ഓൺലൈൻ ക്ലാസ് നടത്തുമെന്ന് അറിയിച്ചു.അതേസമയം ശ്രീകാര്യം ജംഗ്ഷൻ ഭാഗത്ത് കുടിവെള്ളത്തിന് മുടക്കമില്ല. ജല ദൗർലഭ്യമായതിനാൽ ഇനി മുതൽ സിഇടിയിലേക്ക് വെള്ളം എത്തിക്കാൻ കഴിയില്ലെന്നാണ് വാട്ടർ അതോറിറ്റി എഇ അറിയിച്ചത്. മറ്റിടങ്ങളിലേക്കുള്ള പൈപ്പ് ലൈൻ അടച്ചുവച്ചശേഷം സിഇടിയിലേക്ക് വെള്ളം നൽകാനാകും. സമീപത്തെ ഫ്ളാറ്റുകളിൽ ജലക്ഷാമമുണ്ടാകാതിരിക്കാൻ വാട്ടർ അതോറിറ്റി ശ്രമിക്കുമ്പോൾ സിഇടി വിദ്യാർഥികളെ വാട്ടർ അതോറിറ്റി പരീക്ഷിക്കുന്നതായി വിദ്യാർഥികൾ കുറ്റപ്പെടുത്തി.സിഇടി ക്യാമ്പസിലേക്ക് സ്വന്തമായുള്ള കിണറിൽ നിന്നും കുളത്തിൽ നിന്നുമുള്ള വെള്ളമാണ് സിഇടി മെയിൻ ക്യാമ്പസിലേക്ക് പമ്പ് ചെയ്യുന്നത്. അതിനാൽ ക്യാമ്പസിൽ കുടിവെള്ളം ക്ഷാമമുണ്ടായില്ല.