ബാലരാമപുരം: തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരിയെ കിണറ്റിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകോൽക്കോണത്താണ് സംഭവം. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് പുലർച്ചെ രാവിലെ കാണാതായത്.
ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കൾ രാവിലെ പൊലീസിൽ നൽകിയ പരാതി. തുടർന്ന്, ബാലാരമപുരം പൊലീസും ഫയർഫോഴ്സും നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി.
കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, ഈ വീട്ടിൽ തീപിടുത്തമുണ്ടായതായി പറയുന്നു. പുലർച്ചെ 5.30 ഓടെ കുഞ്ഞ് കരയുന്നത് കേട്ടുവെന്ന് മാതാവ് പറയുന്നു. ഇതിനിടെ, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇയാളെ ബാലരാമപുരം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനുപുറമെ, കുട്ടിയുടെ മാതാപിതാക്കളെയും മാതൃസഹോദരനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.