തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ പരാതി നല്‍കി. സുജിത്ത് തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു.
സുജിത്തുമായി വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നെന്നും സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് ഭാര്യയായ ഷിനിയെ ആക്രമിക്കാൻ കാരണമായതെന്നുമാണ് പ്രതി നേരത്തെ മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് സുജിത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണ് പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. എട്ട് മാസത്തിന് ശേഷം സുജിത്ത് മാലദ്വീപിലേക്ക് പോയെന്നും വനിതാ ഡോക്ടറുടെ പരാതിയിൽ പറയുന്നു. അടിസ്ഥാനത്തില്‍ പൊലീസ് സുജിത്തിനെ ചോദ്യം ചെയ്തേക്കും. സുജിത്ത് കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി ആര്‍ ഒ ആയിരിക്കുമ്പോഴാണ് അവിടെ തന്നെ ജോലിചെയ്തിരുന്ന പ്രതിയെ പരിചയപ്പെട്ടതും സൗഹൃദത്തിലായതും.
തന്നെ ഒഴിവാക്കാൻ സുജിത്ത് ശ്രമിക്കുന്നെന്ന തോന്നലിലാണ് സുജിത്തിന്റെ ഭാര്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നെന്ന് സുജിത്തും പൊലീസിനോട് സമ്മതിച്ചിരുന്നു.