പോത്തന്‍കോട് : വെർച്വൽ റിയാലിറ്റിഷോ കാഴ്ചയുടെ വേറിട്ട അനുഭവമാണെന്നും ഇല്ലാത്ത ഒരു കാര്യത്തെ ഉള്ളതായി കാണിക്കുന്ന കൃത്രിമമായ സാങ്കല്പിക ലോകമാണ് അതെന്നും, ത്രീഡി ടെക്നോളജിയില്‍ ലഭിക്കുന്ന വിര്‍ച്ച്വല്‍ ഷോകള്‍ കാലഘട്ടത്തിന്റെ അനിവാര്യതയും ടെക്നോളജിയുടെ പുരോഗതിയുമാണെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ഫെസ്റ്റിന്റെ പത്താം ദിവസമായ ഇന്ന് വിര്‍ച്ച്വല്‍ റിയാലിറ്റി ഷോയുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു സ്വാമി. സിനിമ കാണുന്ന ഫീലില്‍ ഗെയിമുകള്‍ കാണാനും, മായാക്കാഴ്ചകളുടെ ലോകത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന അനുഭവം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്തമായ കാഴ്ചയുടെ അനുഭവം പ്രദാനം ചെയ്യുമെന്ന് സ്വാമി പറഞ്ഞു.
10 മിനിട്ട് 7 മിനിട്ട് 5 മിനിട്ട് വീഡിയോകളാണ് ഓരോ ഗെയിമിലുമുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വീഡിയോകളും ഗെയിമുകളും ശാന്തിഗിരി ഫെസ്റ്റ് വിര്‍ച്ച്വല്‍ റിയാലിറ്റി ഷോയില്‍ കാണാം. ശാന്തിഗിരി മെഗാ ഫ്ളവര്‍ ഷോ കോര്‍ഡിനേഷന്‍ ഓഫീസ് ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി, സ്വാമി ജ്യോതിര്‍പ്രകാശ ജ്ഞാനതപസ്വി, സബീര്‍ തിരുമല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പുതുവര്‍ഷത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ശാന്തിഗിരിയില്‍ നടക്കുന്നത്. പ്രസീത ചാലക്കുടിയുടെ പതി ബാന്റ് അവതരിപ്പിക്കുന്ന ഗാനമേള, നൃത്താവിഷ്ക്കാരങ്ങള്‍, പുതുവത്സര സന്ദേശം നല്‍കല്‍ തുടങ്ങി രാത്രി 8 മണിമുതല്‍ പുതുവത്സരാഘോഷങ്ങള്‍ ആരംഭിക്കുമെന്നും സ്വാമി പറഞ്ഞു.