ഡൽഹി: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി 20യില്‍ താന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ യുവരാജ് സിംഗ് സന്തോഷിച്ചെന്ന് ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ്മ. ആദ്യ മത്സരശേഷം താന്‍ യുവിയുമായി സംസാരിച്ചിരുന്നു. തന്റെ മോശം പ്രകടനത്തില്‍ യുവി സര്‍ എന്തുകൊണ്ട് സന്തോഷിച്ചെന്ന് തനിക്കറിയില്ല. ഇതൊരു മികച്ച തുടക്കമെന്നും തന്റെ കുടുംബത്തെ ഓര്‍ത്ത് അഭിമാനിക്കുന്നതായും യുവരാജ് തന്നോട് പറഞ്ഞെന്നും അഭിഷേക് പ്രതികരിച്ചു.
തന്റെ എല്ലാ നേട്ടങ്ങളുടെയും കാരണക്കാരന്‍ യുവരാജ് ആണ്. കഠിനാദ്ധ്വാനം ചെയ്യാന്‍ യുവി തന്നെ പഠിപ്പിച്ചു. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി തന്റെ ക്രിക്കറ്റ് കരിയറില്‍ മാത്രമല്ല, ജീവിതത്തിലും യുവി ഏറെ സഹായങ്ങള്‍ നല്‍കി. രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേട്ടത്തിന് ശേഷവും താന്‍ യുവിയെ വിളിച്ചു. അപ്പോള്‍ തന്റെ മികച്ച ഇന്നിംഗ്‌സിനെ അഭിനന്ദിച്ചു. താന്‍ ഇതുപോലെ മികച്ച ഇന്നിംഗ്‌സുകള്‍ അര്‍ഹിക്കുന്നു. തന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് യുവരാജ് സിംഗ് പറഞ്ഞതായും അഭിഷേക് ശര്‍മ്മ വ്യക്തമാക്കി