തിരുവനന്തപുരം :പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലേയും കോട്ടുകാൽ എൽ.പി സ്കൂളിലെയും വെങ്ങാനൂർ ഗവ. മോഡൽ എച്ച്. എസ്സ്.എസ്സിലെയും വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത്. സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും കൈകോർത്തു നടത്തുന്ന പദ്ധതികൾ, പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഉയർച്ചയിലൂടെ നവകേരളത്തിന്റെ വഴി തെളിയിക്കുന്നു. ഇന്നത്തെ കുട്ടികൾ തന്നെയാണ് നാളെയുടെ നവകേരള സൃഷ്ടാക്കൾ. കുഞ്ഞുങ്ങൾക്കുള്ള സൗകര്യങ്ങളും, പഠനത്തോടുള്ള പ്രോത്സാഹനവും, സ്മാർട്ട് പ്രവർത്തനാന്തരീക്ഷവും ഒരുക്കേണ്ടത് നമ്മുടെ കടമയാണ്.
കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ പുന്നമൂട് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ, പൊതുവിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെ.യും സംയുക്തമായി തിരുവനന്തപുരം സൗത്ത് യു.ആർ.സി.യുടെ നേതൃത്വത്തിൽ, സ്റ്റാർസ് പദ്ധതിയിലുടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്.
പ്രീപ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം രൂപപ്പെടുത്തിയ വർണ്ണക്കൂടാരം പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ സമഗ്ര വളർച്ചയ്ക്കും ഭാഷാ-ശാസ്ത്രീയ-കലാഭിരുചി വളർത്തുന്നതിനും ഉപയോഗശേഷിയുള്ള 13 ആവാസവ്യവസ്ഥകളാണ് ഒരുക്കുന്നത്.മൂന്ന് വിദ്യാലങ്ങളിലും നടന്ന ഉദ്ഘാടന ചടങ്ങുകളിൽ എം.വിൻസെൻ്റ് എം എൽ എ അധ്യക്ഷത വഹിച്ചു. പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോമശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ഹെഡ്മിസ്ട്രസ് സിന്ധു എസ്. എസ് തുടങ്ങിയവർ പങ്കെടുത്തു.