തിരുവനന്തപുരം: പട്ടികവർഗ സങ്കേതങ്ങളിലെ ആദ്യ കൂൺ ഗ്രാമം പദ്ധതിക്ക് തിരുവനന്തപുരം വാമനപുരം നിയോജക മണ്ഡലത്തിലെ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പട്ടികവർഗ മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് സങ്കേതങ്ങളിൽ കൂൺ കൃഷിയുടെ സമഗ്ര വികസനത്തിനായി കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുന്നത്. ആദ്യ കൂൺ ഗ്രാമം പദ്ധതി നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വന്യമൃഗ ശല്യങ്ങളിൽ നിന്നും വിമുക്തമായ കൃഷി പ്രോത്സാഹിപ്പിക്കുക, ഗുണമേന്മയും പോഷകമൂല്യവുമുള്ള ഭക്ഷ്യവസ്തുക്കൾ പട്ടികവർഗ വിഭാഗക്കാർക്ക് കൂടി ലഭ്യമാക്കുക, പട്ടികവർഗ വനിതകൾക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കുന്നതിന് ചെലവാകുന്ന മുഴുവൻ തുകയും ഗുണഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയായി നൽകും. 69.125 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവാകുന്നത്. ഇതിൽ 12.125 ലക്ഷം പട്ടികവർഗ വികസന വകുപ്പും 30.25 ലക്ഷം രൂപ സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി 100 ചെറുകിട ഗുണഭോക്താക്കൾക്ക് 100 ബെഡുകൾ വീതം 10,000 ബെഡുകളും രണ്ട് ഇടത്തരം ഗുണഭോക്താക്കൾക്ക് 500 ബെഡുകൾ വീതം 1000 ബെഡുകളും വിതരണം ചെയ്യും. കൂടാതെ രണ്ട് പായ്ക്കിംഗ് യൂണിറ്റുകൾ, ഒരു സംസ്‌ക്കരണ യൂണിറ്റ്, ഒരു വിത്തുത്പാദന യൂണിറ്റ് എന്നിവയും സ്ഥാപിക്കും. ഗുണഭോക്താക്കളെ ഊരുകൂട്ടങ്ങൾ മുഖേന പട്ടികവർഗ വികസന വകുപ്പാണ് തിരഞ്ഞെടുക്കുന്നത്. ഇവർക്കാവശ്യമായ പരിശീലനവും കൂൺ ബെഡുകളും വെള്ളനാട് മിത്രാ നികേതൻ മുഖേന നൽകും. ആവശ്യമായ സാങ്കേതിക മേൽനോട്ടം സംസ്ഥാന ഹോർട്ടികൾച്ചർ മിഷനാണ് നിർവഹിക്കുന്നത്. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന കൂണുകൾ ഹോർട്ടികൾച്ചർ ഔട്ട്‌ലെറ്റുകളിലും മറ്റ് ഏജൻസികളിലും വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിൽ വാമനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.