പോത്തന്‍കോട് : ദേശീയ ഡോക്ടഴേസ് ദിനത്തില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ശാന്തിഗിരി വാര്‍ഡില്‍ കിടപ്പുരോഗികള്‍ക്ക് സഹായവുമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമീപത്തെ നിര്‍ദ്ധനരായ കിടപ്പുരോഗികള്‍ക്ക് സഹായഹസ്തം നീട്ടിയത്. ശാന്തിഗിരി എല്‍.ഐ.ജി ക്വാര്‍ട്ടേഴ്സില്‍ പക്ഷാഘാതം വന്ന് കിടപ്പിലായ അറുപത്തിയഞ്ച് വയസ്സുകാരനായ സുഗതന്‍.കെ, ആനന്ദപുരത്ത് പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം അവശതയിലായ അറുപത്തി മുന്ന് വയസ്സുളള അബ്ദുള്‍ കബീര്‍ എന്നിവര്‍ക്ക് വീട്ടിലെത്തി വീല്‍ച്ചെയറുകളും പക്ഷാഘാതം ബാധിച്ച അറുപത്തരണ്ടുകാരന്‍ കൃഷ്ണന് വാക്കറും നല്‍കി. വാര്‍ഡിലെ ഇതര കിടപ്പുരോഗികളില്‍ വാക്കിംഗ് സ്റ്റിക്കുകള്‍, ഡയപ്പറുകള്‍ എന്നിവ ആവശ്യമുളളവര്‍ക്ക് അതും വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൌന്ദരരാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി , ആശാവര്‍ക്കര്‍ മല്ലിക.എസ്, സയന്‍സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ പ്രൊഫ.ഷീജ.എന്‍ എന്നിവര്‍ക്കൊപ്പം വീടുകളിലെത്തിയാണ് വിദ്യാര്‍ത്ഥികള്‍ വീല്‍ചെയറും വാക്കറും നല്‍കിയത്. സ്റ്റുഡന്‍സ് യൂണിയന്‍ ഭാരവാഹികളും പത്തൊന്‍പതാം ബാച്ചിലെ ബി.എസ്.എം.എസ് വിദ്യാര്‍ത്ഥികളും ഒപ്പമുണ്ടായിരുന്നു. ഇക്കൊല്ലത്തെ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള പോസ്റ്റര്‍, ബാനര്‍ എന്നിവയ്കുളള തുക മാറ്റിവെച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സഹായം നല്‍കുന്നതിനുളള പണം സ്വരൂപിച്ചത്. സേവനത്തിന്റെ തുടര്‍ച്ചയായി പഞ്ചായത്തുമായി സഹകരിച്ച് വാതില്‍പ്പടി സേവനം ലഭ്യമാക്കുന്നതിനുളള പദ്ധതികള്‍ കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ ഡോ.പ്രകാശ്.എസ്.എല്‍ അറിയിച്ചു.