പോത്തൻകോട് : മന്ത്രി ജി ആർ അനിലിന്‍റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്‍റെ ഫ്യൂസ് ഊരി മെമ്പർ. വാവറയമ്പലത്തെ സിപിഐ വാർഡ് മെമ്പറാണ് ഫ്യൂസ് ഊരിയത്. മന്ത്രി ഉദ്ഘാടനത്തിനെത്താത്തതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് രണ്ട് തവണ ഫ്യൂസ് ഊരിയത്. മന്ത്രി ജി ആർ അനിലിന്‍റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാവറയമ്പലം വാർഡിലെ ചെറുവല്ലി മുസ്ലിം ജമാഅത്തിന്‍റെ മുന്നിൽ കഴിഞ്ഞ മാർച്ചിലാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് എന്നാൽപല കാരണങ്ങളാൽ ഉദ്ഘാടനം വൈകി. ഒടുവിൽ ഇന്നലെ ജില്ലാ പഞ്ചായത്തംഗം വേണു ഗോപാലൻ നായർ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു. വൈകിട്ട് അഞ്ചരയോടെയായിരുന്നു ഉദ്ഘാടനം. ആറു മണിക്ക് സ്ഥലം മെമ്പർ അഭിൻ ദാസ് എത്തി ഫ്യൂസ് ഊരി. ഇതറിഞ്ഞ ഇടത് പ്രവർത്തകർ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലെത്തി ഫ്യൂസ് തിരികെയെത്തിച്ച് ലൈറ്റ് വീണ്ടും കത്തിക്കുകയായിരുന്നു.
തുടർന്ന് രാത്രി പതിനൊന്നരയോടെ വാർഡ് മെമ്പർ അഭിൻ ദാസ് ഒരു സുഹൃത്തുമായി എത്തി ഈ ഫ്യൂസ് വീണ്ടും ഊരി. മന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കാത്തതിൽ വാർഡ് മെമ്പർക്ക് അതൃപ്തിയുണ്ടായിരുന്നു.