തിരുവനന്തപുരം: കളരി അഭ്യസിക്കാനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര സ്വദേശി പുഷ്‌പാകരനെയാണ് (64) ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. 2022 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
തിരുവനന്തപുരത്ത് നിന്നും ചേർത്തലയിലെ വാടക വീട്ടിൽ താമസിച്ച് കളരിപ്പയറ്റ് സ്ഥാപനം നടത്തി വരികയായിരുന്നു പുഷ്‌പാകരൻ. ഈ സ്ഥാപനത്തിൽ കളരി അഭ്യസിക്കുന്നതിനായി വന്ന 14 വയസ് പ്രായമുള്ള ആൺകുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇത് പിന്നീടും ആവർത്തിച്ചു. ഇതിനെ തുടർന്ന് കളരിയിൽ പോകുന്നതിന് വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.