25 വർഷം നീണ്ട അമ്പയറിങ് ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ അമ്പയർ അലീം ദാർ. പാകിസ്താന്റെ ഈ വർഷത്തെ ആഭ്യന്തര സീസൺ അവസാനിക്കുന്നതോടെ അമ്പയറിങ് രംഗത്ത് നിന്ന് അലീം ദാറും വിടവാങ്ങും1998-99ൽ പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിലൂടെയാണ് അലീം ദാർ അമ്പയറിങ് രംഗത്തേയ്ക്ക് കടന്നുവന്നത്. 2003 മുതൽ 2023 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ എലൈറ്റ് പാനൽ ഓഫ് അമ്പയേഴ്സ് പട്ടികയിൽ അലീം ദാർ സ്ഥിര സാന്നിധ്യമായിരുന്നു. താരങ്ങളുമായുള്ള ആശയവിനിമയം, മത്സരത്തിലെ സാഹചര്യങ്ങൾ മനസിലാക്കൽ, കൃത്യമായ തീരുമാനം എടുക്കൽ തുടങ്ങിയവയിൽ അദ്ദേഹം മികവ് പുലർത്തിയിട്ടുണ്ട്.അന്താരാഷ്ട്ര തലത്തിൽ 145 ടെസ്റ്റുകളിലും 231 ഏകദിനങ്ങളിലും 72 ട്വന്റി 20കളിലും അഞ്ച് വനിത ട്വന്റി 20കളിലും അലീം ദാർ അമ്പയർ ആയിട്ടുണ്ട്. കൂടാതെ 181 ആഭ്യന്തര മത്സരങ്ങളിലും 282 ലിസ്റ്റ് എ ഏകദിനങ്ങളിലും പാകിസ്താൻ അമ്പയറുടെ സേവനം ലഭിച്ചു. 2009 മുതൽ 2011 വരെ ഐസിസിയുടെ മികച്ച അമ്പയറിനുള്ള പുരസ്കാരം അലീം ദാർ സ്വന്തമാക്കി.