തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന 3.14 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയ്ക്കായി എത്തി.സംസ്ഥാനത്തെ കടുത്ത വേനലിനു ശേഷം നേർത്ത കുളിർമയായി കടന്നുവന്ന മഴയെ സ്വാഗതം ചെയ്തു കൊണ്ട് പുതിയ അതിഥിക്ക് ‘മഴ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞ് ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പൂർണ്ണ ആരോഗ്യ വതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണ യിലാണ്.2002 നവംബർ 14-ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 599മത്തെ കുരുന്നാണ് ‘മഴ’ .കഴിഞ്ഞ പത്ത് മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 13മത്തെ കുട്ടിയും 4മത്തെ പെൺകുഞ്ഞുമാണ്. 2024-ൽ ഇതുവരെയായി 25 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്. കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.