Saturday, January 25, 2025
Online Vartha
HomeTrivandrum Cityഗോപിനാഥ് മുതുകാടിന്റെ അഞ്ചാം ഭാരത യാത്രയുടെ സംസ്ഥാനതല ഉത്ഘാടനം ഡിഫറന്റ് ആർട്ട് സെന്ററിൽ മുഖ്യമന്ത്രി...

ഗോപിനാഥ് മുതുകാടിന്റെ അഞ്ചാം ഭാരത യാത്രയുടെ സംസ്ഥാനതല ഉത്ഘാടനം ഡിഫറന്റ് ആർട്ട് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം :  ഭിന്നശേഷി വിഭാഗക്കാരെ സാമൂഹിക ജീവിതത്തിലേക്ക് ഉൾചേർത്തുകൊണ്ട് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഡിഫറൻറ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറൽ ചടങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ഗോപിനാഥ് മുതുകാടും ഡിഫറൻറ് ആർട്ട്‌ സെന്ററും ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഉൾച്ചേർക്കൽ എന്നത് ചില മനുഷ്യർക്കു ഇന്നും വിദൂരമായി തുടരുന്നതിനെ കുറിച്ചു സംസാരിച്ചു. മാറ്റിനിർത്തിപ്പെട്ടവരിൽ ഉൾപ്പെടുന്ന ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന ബോധവത്കരണ യാത്രയാണ് ഭാരത യാത്ര. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിൽ കേരളം ഇന്ത്യയിൽ തന്നെ ഒരു മാതൃകാ സംസ്ഥാനമായി മാറിക്കഴിഞ്ഞു. കേരള സർക്കാർ ‘ബാരിയർ ഫ്രീ കേരള’ പദ്ധതിക്കു കീഴിൽ ഭിന്നശേഷി സമൂഹത്തിനായി കൈകൊണ്ട പ്രവർത്തനങ്ങളായ ഭിന്നശേഷി സൗഹൃദ നിർമ്മാണങ്ങൾ, ഭിന്നശേഷി ഉന്നമനത്തിനായുള്ള ജില്ലാതല കമ്മിറ്റികൾ, സംവരണ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്നിവ ഉൾപ്പടെ അനവധി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമാക്കി. ഡിഫറന്റ് ആർട്ട്‌ സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാകുമെന്നും, കൂടുതൽ ഗുണഭോക്താക്കളിലേക്ക് സെന്ററിന്റെ പ്രവർത്തനങ്ങൾ എത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ മാതൃകാ പരമായ ആശയങ്ങൾ ഇന്ത്യയിലുടനീളമുള്ള മറ്റു സംസ്ഥാനങ്ങളിലും, അവിടെയൊക്കെയുള്ള ആശയങ്ങൾ കേരള സമൂഹത്തിലേക്കും കൂട്ടിച്ചർക്കാൻ ഇൻക്ലൂസിവ് ഇന്ത്യ യാത്ര വഴി സാധ്യമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

 

ഡിഫറന്റ് ആര്‍ട് സെന്ററില്‍ സെപ്റ്റംബർ 22 ഞായറാഴ്ച നടന്ന ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്ന ഇൻക്ലൂസീവ് ഇന്ത്യ എന്ന ആശയം ഇന്ത്യയെമ്പാടും പ്രചരിപ്പിച്ചുകൊണ്ട് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത യാത്രക്ക് മന്ത്രി ആശംസകൾ നേർന്നു. സ്വയം പര്യാപ്തവും ആത്മവിശ്വാസം നിറഞ്ഞതും നിശ്ചയദാർഢ്യം നിറഞ്ഞതുമായിട്ടുള്ള ഒരു ജീവിതത്തിലൂടെ വ്യത്യസ്ഥമായിട്ടുള്ള മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാവുന്ന വിധത്തിൽ ഭിന്നശേഷിക്കാരെ തയ്യാറാക്കുന്നതിൽ ഡിഫറന്റ് ആർട്ട്‌ സെന്റർ നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ ബ്രാൻഡ് അംബാസഡറും പരാലിംപ്യനുമായ പദ്മശ്രീ ബോണിഫെയ്‌സ് പ്രഭു, ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ജയഡാളി എം. വി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് നര്‍ത്തകി മേതില്‍ ദേവികയുടെ സൈന്‍ ലാംഗ്വേജിന്റെ പശ്ചാത്തലത്തിലുള്ള നൃത്താവതരണവും പ്രശസ്ത ബുള്‍ബുള്‍ വാദകന്‍ ഉല്ലാസ് പൊന്നടിയുടെ സംഗീതാവിഷ്‌കാരവും സംഘടിപ്പിച്ചു.

 

രാജ്യത്തെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ നാലു ഭാരത യാത്രകള്‍ക്കുശേഷമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലൂസീസ് ഇന്ത്യ എന്ന പേരില്‍ അഞ്ചാമത്തെ ഭാരതയാത്ര സംഘടിപ്പിക്കുന്നത്. 2002ല്‍ വിസ്മയ ഭാരതയാത്ര, 2004ല്‍ ഗാന്ധിമന്ത്ര, 2007ല്‍ വിസ്മയ് സ്വരാജ് യാത്ര, 2010ല്‍ മിഷന്‍ ഇന്ത്യയ്ക്കുശേഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് പുതിയ യാത്ര എന്ന സവിശേഷതയുമുണ്ട്. യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ലോക സെറിബ്രല്‍ പാൽസി ദിനമായ ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ അവസാനിക്കും.

 

ഭിന്നശേഷി മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക, മറ്റുള്ളവരെ പോലെ അവര്‍ക്കും തുല്യനീതി ഉറപ്പാക്കുക, ഭിന്നശേഷിക്കാരോടുള്ള സമീപനത്തില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരിക തുടങ്ങിയ നിരവധി ഘടകങ്ങളാണ് യാത്രയിലുടനീളം പ്രചാരണ വിഷയമാക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ പരീക്ഷിച്ച് വിജയിച്ച ഡി.എ.സി മോഡലും യാത്രയില്‍ അവതരിപ്പിക്കും. ഇന്ദ്രജാലത്തിന്റെ അകമ്പടിയോടെ ഒന്നരമണിക്കൂര്‍ നീളുന്ന ബോധവത്കരണ പരിപാടി ഇന്ത്യയിലുടനീളം നാല്‍പ്പതോളം വേദികളില്‍ അവതരിപ്പിക്കും. ലോക സെറിബ്രല്‍ പാൽസി ദിനമായ ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് ഡല്‍ഹിയില്‍ അവസാനിക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!