പാതിവഴിയിൽ പഠനം മുടങ്ങിയവർ പ്രതിസന്ധികളെ മറികടന്ന് നാളെ തുല്യതാപരീക്ഷ എഴുതും. സാക്ഷരതാമിഷൻ്റെ ഹയർ സെക്കൻഡറി തുല്യതാകോഴ്സിൽ പഠനം നടത്തിവന്ന പ്രായമേറിയ 3,075 പേരാണ് പരീക്ഷയ്ക്ക് തയാറായിരിക്കുന്നത്. ഹയർ സെക്കൻഡറി ഡയറക്ട്രേറ്റാണ് പൊതുപരീക്ഷ നടത്തുന്നത്. ജില്ലയിൽ 22 ഹയർ സെക്കൻഡറി സ്കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങളായിട്ടുള്ളത്.
ജൂലൈ 5, 6, 7, 12, 13, 14 തീയതികളിലായി ആറ് വിഷയങ്ങളിൽ പരീക്ഷ നടക്കും. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളാണ് ഉള്ളത്. ഭിന്നശേഷിക്കാർ, സഹോദരങ്ങൾ, ജനപ്രതിനിധികൾ എന്നിവരും പരീക്ഷഎഴുതുന്നവരിലുണ്ട്. തിരുവനന്തപുരം നഗരസഭയുടെ അക്ഷരശ്രീ പദ്ധതി പ്രകാരം 1085 പേരും ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നുണ്ട്.