തിരുവനന്തപുരം: കഴക്കൂട്ടത്ത് മുറിയിൽ ലഹരി വിൽപ്പന നടത്തിയ ടെക്നോപാർക്കിലെ സുരക്ഷ ജീവനക്കാരൻ പിടിയിൽ. 13.444 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസുകാരുടെ പിടിയിലായത്. ടെക്നോപാർക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അമരവിളയിൽ പിടിയിലായത്. ഇയാൾ മുറി വാടകയ്ക്ക് എടുത്ത് രാസലഹരി വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസുകാർ അറിയിച്ചത്.അമരവിളയിലെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ ആര്യങ്കോട് ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അൽത്താഫ് ബൈക്കിൽ എത്തിയത്. മുറി കേന്ദ്രീകരിച്ച് രാസ ലഹരിയുടെ വിതരണം നടന്നുവരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരിക്കുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ ഷാജു.കെ, പ്രിവന്റീവ് ഓഫീസർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് വി.ജെ, അഭിലാഷ്, അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.