തിരുവനന്തപുരം: ഒരു മാസം മുൻപ് പിടിച്ചെടുത്ത വ്യാജനോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകളെന്ന് അന്വേഷണ സംഘം. പൂന്തുറ സ്വദേശിനി ബർക്കത്തിനെയാണ് ഒരു മാസം മുൻപ് വ്യാജനോട്ടുകളുമായി പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന വ്യാജ കറൻസികളായിരുന്നു ഇവരുടെ കൈയിലുണ്ടായിരുന്നത്.12,500 രൂപയുടെ വ്യാജ നോട്ടുകളുമായി ബർക്കത്ത് ബാങ്കിലെത്തുകയായിരുന്നു.ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൂന്തുറ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് നോട്ടുകൾ നാസിക്കിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാനിൽ അച്ചടിച്ച് വിതരണത്തിനെത്തിച്ചതാണെന്ന റിപ്പോർട്ട് ലഭിക്കുന്നത്.അതേസമയം, സൗദിയിൽ പോയപ്പോൾ കൊണ്ടുവന്ന നോട്ടുകളാണെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.ഇവർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കും.കൂടുതൽ അന്വേഷണത്തിനായി തീവ്രവാദ വിരുദ്ധ സേന,എൻ.ഐ.എ എന്നീ ഏജൻസികൾക്ക് കൈമാറും.
500 രൂപയുടെ 25 നോട്ടുകളാണ് ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തത്.കഴിഞ്ഞ മാസം 28നാണ് ഇവർ സൗദി അറേബ്യയിൽനിന്ന് നാട്ടിലെത്തിയത്.നാട്ടിലേക്ക് വരുന്ന സമയത്ത് അവിടെവച്ച് ഭർത്താവിന്റെ സുഹൃത്തായ പാകിസ്ഥാൻ സ്വദേശി സമ്മാനമായി 12,500 രൂപ നൽകിയെന്നാണ് ഇവർ നൽകിയ മൊഴി.എന്നാൽ പൊലീസ് അത് മുഖവിലയ്‌ക്കെടുത്തിട്ടില്ലായിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തി.അലമാരയിൽ സൂക്ഷിച്ചിരുന്ന 180,000 രൂപ മൂല്യം വരുന്ന 500ന്റെ നോട്ടുകൾ കണ്ടെത്തിയിരുന്നു. ഇവ വ്യാജമല്ലായിരുന്നു.