ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ചരിത്ര നേട്ടവുമായി ഇംഗ്ലണ്ട് ബാറ്റർ ജാമി സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ബാറ്ററായിരിക്കുകയാണ് ജാമി സ്മിത്ത്. 94 വർഷം മുമ്പ് കുറിക്കപ്പെട്ട റെക്കോർഡ് ഇനി ഇംഗ്ലണ്ട് യുവ വിക്കറ്റ് കീപ്പർക്ക് സ്വന്തം. 24 വയസും 63 ദിവസവും പ്രായം ഉള്ളപ്പോഴാണ് ജാമി സ്മിത്തിന്റെ നേട്ടം. 148 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 111 റൺസെടുത്ത് താരം പുറത്തായി
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ജാമി സ്മിത്തിന്റെ നാലാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. ജൂലൈയിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ 70 റൺസ് നേടി അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ സാന്നിധ്യം അറിയിച്ചു. മൂന്നാം മത്സരത്തിൽ 95 റൺസുമായി താരം സെഞ്ച്വറിക്ക് അടുത്തെത്തി. എന്നാൽ ആദ്യ ശതകത്തിന് ഒരു മത്സരം കൂടി കാത്തിരിക്കേണ്ടി വന്നു.ജാമി സ്മിത്തിന്റെ സെഞ്ച്വറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 236ന് മറുപടി പറഞ്ഞ ഇംഗ്ലണ്ട് 358 റൺസെടുത്തു. 122 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ നേടിയത്.