തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. ഇന്ന് രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാഗത്ത് സി വിഭാഗത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയതോടെയാണ് ഓഫീസ് മുറിയിൽ എന്തോ ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഹൗസ്കീപ്പിങ് വിഭാഗം പാമ്പുപിടിത്തക്കാരെ എത്തിച്ച് പേപ്പറുകളും ഫയലുകളുമടക്കം മാറ്റി അരമണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ പാമ്പിനെ പിടികൂടാനായത്.ചേരയാണ് കയറിയതെന്ന് ഭക്ഷ്യവകുപ്പ് ജീവനക്കാർ പറഞ്ഞു. ഫയൽറാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിൽ മാസങ്ങൾക്ക് മുൻപ് പാമ്പിനെ കണ്ടെത്തിയതും ഉദ്യോഗസ്ഥർക്കിടയിൽ പരിഭ്രാന്തി പരത്തിയിരുന്നു. അന്ന് ഓഫീസിലേക്ക് കയറിയ പാമ്പിനെ പിടികൂടാനായിരുന്നില്ല. പൊതുമരാമത്ത് ഇലട്രിക്കൽ എൻജിനിയറുടെ ഓഫീസിനടുത്തും നേരത്തെ പാമ്പിനെ കണ്ടിരുന്നു.