Tuesday, April 22, 2025
Online Vartha
HomeTrivandrum Cityമഷിപ്പേനയിലേക്ക് മടക്കം ആവേശത്തോടെ സ്വീകരിച്ച് വിദ്യാര്‍ത്ഥികള്‍

മഷിപ്പേനയിലേക്ക് മടക്കം ആവേശത്തോടെ സ്വീകരിച്ച് വിദ്യാര്‍ത്ഥികള്‍

Online Vartha
Online Vartha

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് അതിലൂടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള നൂതന പദ്ധതിയുമായി എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്. മഷിപേനയിലേക്കുള്ള തിരിച്ചുവരവടക്കം ആറോളം ശുചിത്വ-മാലിന്യ സംസ്ക്കരണ പരിപാടികളാണ് ‘സസ്റ്റെയിന്‍ഡ്’ എന്ന പേരില്‍ തുടങ്ങിയ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍. എച്ച്എല്‍എല്ലിന്‍റെ വേസ്റ്റ് മാനേജ്മന്‍റ് വിഭാഗം, സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ‘സസ്റ്റെയിന്‍ഡ്’ പദ്ധതി നടപ്പിലാക്കുന്നത്. വളര്‍ന്നുവരുന്ന യുവജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി ബോധമുള്ള ശീലങ്ങള്‍ വളര്‍ത്താനും സുസ്ഥിര മാലിന്യ സംസ്കരണ രീതികള്‍ പ്രോത്സാഹിപ്പിക്കാനുമാണ് പ്രോജക്റ്റ് ‘സസ്റ്റെയിന്‍ഡ്’ ലൂടെ എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നത്. 

 

ആദ്യ ഘട്ടത്തില്‍ സ്കൂള്‍ തലത്തിലാണ് പദ്ധതി നടപ്പിലാകുന്നത്. പദ്ധതിയുടെ ഉത്ഘാടനം തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്നു. ഇതിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മഷിപ്പേന വിതരണം നടത്തി. എളുപ്പത്തില്‍ മഷി നിറയ്ക്കുന്നതിനായി എച്ച്എല്‍എല്‍ തന്നെ വികസിപ്പിച്ചെടുത്ത ഇങ്ക് ഡിസ്പെന്‍സറും സ്കൂളില്‍ സ്ഥാപിച്ചു കഴിഞ്ഞു. വര്‍ഷം തോറും രണ്ടര ലക്ഷത്തിലധികം പ്ലാസ്റ്റിക് പേനകള്‍ സ്കൂളില്‍ ഉപയോഗിച്ചു വരുന്നത് ഈ ഉദ്യമത്തിലൂടെ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

 

ഇതിനു പുറമെ ജൈവമാലിന്യ സംസ്ക്കരണത്തിനായി ബയോഗ്യാസ് പ്ലാന്‍റ്, അജൈവ മാലിന്യ ശേഖരണത്തിന് പ്രത്യേക ബിന്നുകള്‍, ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടര്‍ ഡിസ്പെന്‍സര്‍, സാനിറ്ററി പാഡുകള്‍ കത്തിച്ചു കളയുന്നതിനായി എച്ച്എല്‍എല്‍ തന്നെ വികസിപ്പിച്ചെടുത്ത ഇന്‍സിനറേറ്റര്‍, മെന്‍സ്ട്രല്‍ കപ്പ് വിതരണം തുടങ്ങിയവ ഈ പരിപാടിയുടെ ഭാഗമാണ്. കൂടാതെ മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ചിത്രരചന, ഡ്രോയിംഗ്, മുദ്രാവാക്യം എഴുതല്‍, ഉപന്യാസം രചിക്കല്‍ തുടങ്ങിയ മത്സരങ്ങളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് നിശ്ചിത ഇടവേളകളില്‍ ബോധവത്കരണ പരിപാടികളും ഇതിനോടൊപ്പം നടത്തി വരുന്നുണ്ട്. 18 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടത്തിപ്പിനായി വിനിയോഗിക്കുന്നത്. മറ്റ് സ്കൂളുകള്‍ക്ക് പിന്തുടരാന്‍ ഒരു മാതൃക കൂടിയാണ് ‘സസ്റ്റെയിന്‍ഡ്’ എന്ന ഈ പദ്ധതി.

 

കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്ന പരിപാടി വഴുതക്കാട് വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ (എഡ്യൂക്കേഷന്‍) ശ്രീ. സുബിന്‍ പോള്‍, എച്എല്‍എല്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് വി. കുട്ടപ്പന്‍ പിള്ള, എച്ച്എല്‍എല്‍ അസ്സോസിയേറ്റ് വൈസ് പ്രസിഡന്‍റ് രാജീവ് ആര്‍.വി, എച്ച്എല്‍എല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് ഷംനാദ് ഷംസുദീന്‍, പ്രിന്‍സിപ്പല്‍ ശ്രീമതി ഗ്രീഷ്മ വി. പി.ടി.എ പ്രസിഡന്‍റ് ഡോ. അരുണ്‍ മോഹന്‍, എസ്.എം.സി ചെയര്‍മാന്‍ ശ്രീ. ബ്രിജിത് ലാല്‍, എച്ച്.എം ശ്രീമതി ഗീത ജി, ശുചിത്വ മിഷന്‍ ഡിസ്ട്രിക്ട് കോ ഓര്‍ഡിന്‍റേറ്റര്‍ ശ്രീ അരുണ്‍ രാജ് പി.എന്‍, ജഗതി സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമതി അജിതകുമാരി, സ്റ്റാഫ് സെക്രട്ടറി ശ്രീ ഗുരുദത് പി.വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!