തിരുവനന്തപുരം: ഓണക്കാലത്ത് സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വർധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്.