തമിഴ് സൂപ്പർതാരം ധനുഷ് പ്രധാന വേഷത്തിലെത്തിയ ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസിന്. ചിത്രം ഫെബ്രുവരി ഒൻപത് മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.തിയറ്ററില്‍ റിലീസ് ചെയ്ത് ഒരുമാസം തികയുന്നതിനു മുൻപാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക.വലിയ പ്രതീക്ഷയോടെയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. എന്നാല്‍ വിചാരിച്ച അത്ര മുന്നേറ്റം നടത്താൻ ചിത്രത്തിനായില്ല. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള ക്യാപ്റ്റൻ മില്ലറുടെ കഥയാണ് ചിത്രം പറഞ്ഞത്. അരുണ്‍ മാതേശ്വരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.
ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോണ്‍ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും നിർവഹിക്കുന്നു. ശ്രേയാസ് കൃഷ്ണയാണ് ഛായാഗ്രഹണം. ദിലീപ് സുബ്ബരായനാണ് സംഘട്ടനരംഗങ്ങളൊരുക്കുന്നത്. എഡിറ്റിങ് നഗൂരൻ. കലാസംവിധാനം ടി. രാമലിംഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി.ജി. ത്യാഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് സഹനിർമാതാക്കള്‍.