പോത്തൻകോട് : പോത്തൻകോടും സമീപപ്രദേശത്തും നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും വയറുകളും പ്ലംബിങ് സാധനങ്ങളും മോഷ്ടിക്കുന്ന പ്രതി പിടിയിലായി . മണ്ണന്തല, ഇടയലക്കോണം സ്വദേശിയായ വട്ടിയൂർകാവ്, മൂന്നാംമൂട് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു .എൽ (33) നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു സ്ഥലങ്ങളിൽ നിന്നായി വയറുകളും പ്ലംബിംഗ് സാധനങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്. വീടുകളിൽ പ്ലംബിംഗ് ജോലിക്ക് എത്തിയ ശേഷം പ്രദേശത്തെ പുതുതായി നിർമ്മിക്കുന്ന വീടുകൾ കണ്ടുപിടിച്ച് വയറുകളും പ്ലംബിംഗ് സാധനങ്ങളും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി .
മോഷണ വസ്തുക്കളിലെ വയറുകളിൽ നിന്നും ചെമ്പ് കമ്പി വേർതിരിച്ച് ആക്രിക്കടകളിൽ വിൽക്കും. സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണ്ണന്തലയിൽ നിന്നും അറസ്റ്റ് ചെയ്തത്.പ്രതിയുടെ വീട്ടിൽ നിന്നും വയറുകളും പ്ലംബിംഗ് സാധനങ്ങളും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.