തിരുവനന്തപുരം: വിളപ്പിൽശാലയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയുടെ സാരിക്ക് തീ കൊളുത്തി. അമ്മ രംഭയുടെ പരാതിയിൽ നൂലിയോട് സ്വദേശി മനോജിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിലെത്തിയ മകൻ മനോജ് അമ്മയോട് പണം ആവശ്യപ്പെട്ടു. മദ്യം വാങ്ങാൻ ആണെന്ന് അറിഞ്ഞതോടെ അമ്മ രംഭ പണം കൊടുക്കാൻ വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ മനോജ് കയ്യിൽ ഉണ്ടായിരുന്ന ലൈറ്റർ കാണിച്ച് അമ്മയെ ഭീഷണിപ്പെടുത്തി. എന്നിട്ടും പണം നൽകാത്തതോടെയാണ് സാരിക്ക് തീ കൊളുത്തിയത്. തീ ആളിപ്പടർന്നതോടെ അമ്മ പുറത്തേക്കോടി. നല്ല മഴയുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ തീ കെടുത്താൻ സാധിച്ചു. അമ്മയ്ക്ക് പരുക്കൊന്നും ഉണ്ടായില്ല.