കഴക്കൂട്ടം.വേനൽ കടുത്തതോടെ തീപിടിത്തങ്ങൾ വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ വെള്ളത്തിനായി ബുദ്ധിമുട്ടി അഗ്നി രക്ഷാ സേന.ഒരു ദിവസം തന്നെ മൂന്നും നാലും സ്ഥലങ്ങളിൽ തീപ്പിടത്തങ്ങൾ ഉണ്ടാകുമ്പോൾ ധാരാളമായി വെള്ളം അഗ്നിശമന പ്രവർത്തനങ്ങൾക്കായി ആവശ്യമായി വരുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ തൊട്ടടുത്ത് ലഭ്യമായിട്ടുള്ള വാട്ടർ സോഴ്സുകൾ ഉപയോഗപ്പെടുത്തുകയാണ് സേന ചെയ്യുന്നത്. കഴിഞ്ഞ ദിവസം വെളുപ്പിന് കൊല്ലക്കുഴി ഒരു വീട്ടിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ ക്രിസ്റ്റ കാർ, ബുള്ളറ്റ്, രണ്ടു സ്കൂട്ടറുകൾ എന്നിവ കത്തിയ സംഭവത്തിൽ കഴക്കൂട്ടം നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ കെടുത്തിയത്. അഗ്നി ശമന പ്രവർത്തനത്തിനിടെ വെള്ളം തീർന്നപ്പോൾ തൊട്ടടുത്തുള്ള സ്ഥാപനമായ യുഎസ് ടീ ഗ്ലോബലിൽ വെള്ളം എടുക്കുന്നതിനായി എത്തിയപ്പോഴാണ് സേനയ്ക്ക് ഈ ദുരവസ്ഥ ഉണ്ടായത്. സംഭവത്തിന്റെ പ്രാധാന്യം എത്ര വിവരിച്ചിട്ടും വെള്ളം നൽകുന്നതിനോ ഗേറ്റ് തുറന്നു കൊടുക്കുന്നതിനോ UST ഗ്ലോബൽ അധികാരികൾ തയ്യാറായില്ല.
തുടർന്ന് അടുത്തു തന്നെയുള്ള ഇൻഫോസിസിന്റെ കെട്ടിടത്തിൽ കയറിയാണ് സേന വെള്ളം നിറച്ചത്. മുൻപും യുഎസ് റ്റി ഗ്ലോബലിന്റെ ഭാഗത്തുനിന്ന് ഇത്തരം നിഷേധാത്മകമായ സമീപനം ഉണ്ടായിട്ടുള്ളതായി കഴക്കൂട്ടം ഫയർ സ്റ്റേഷൻ ഓഫീസർ ജിഷാദ് അറിയിച്ചു.അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ സോഴ്‌സുകളും സേനയ്ക്ക് ഉപയോഗിക്കാൻ അധികാരമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.