ശ്രീകാര്യം: സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രിന്റിങ് പ്രസ് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചെക്കാലമുക്കിൽ പ്രിന്റിങ് പ്രസ് നടത്തുന്ന രാഹുലിനെതിരെയാണ് ശ്രീകാര്യം പോലീസ് കേസെടുത്തത്. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ശുചിമുറിയിൽ കയറിയ യുവതി വേസ്റ്റ് ബിന്നിനുള്ളിൽ മാലിന്യങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഒളിക്യാമറയും പവർബാങ്കും കണ്ടെത്തുകയായിരുന്നു. ഇതുമായി പുറത്തിറങ്ങിയ യുവതിയെ രാഹുൽ തടഞ്ഞുനിർത്തുകയും ബലംപ്രയോഗിച്ച് ഒളിക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു.






