തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നതിനിടെ പരിഹാസവുമായി ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖർ. കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് സംസ്ഥാന ബി.ജെ.പി.യും അതല്ല ഡൽഹിയിൽ വേണമെന്ന് ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.
‘ആദിത്യ ജാക്കി’ എന്ന എക്‌സ് അക്കൗണ്ടിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. “ഇത് സത്യമാണോ അല്ലയോ എന്ന് തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല” എന്ന രസകരമായ കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തത്. ചിരിക്കുന്ന ഇമോജികളും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കെ.സി. വേണുഗോപാൽ മടങ്ങിവരണമെന്ന ചർച്ചകൾ യു.ഡി.എഫ്. കേന്ദ്രങ്ങളിൽ സജീവമാകുന്നതിനിടെയാണ് ബി.ജെ.പി. നേതാവിന്റെ ഈ പരസ്യ പരിഹാസം. കോൺഗ്രസിനുള്ളിലെ അധികാര തർക്കങ്ങളെ ട്രോളുന്ന രീതിയിലുള്ള ഈ പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.






