Sunday, June 21, 2026
Online Vartha
HomeHealthപകർച്ചവ്യാധി പ്രതിരോധം: ഡ്രൈ ഡേ ആചരണം കർശനമാക്കും,ജില്ലാതല പ്രതിരോധ അവലോകനയോഗം ചേർന്നു

പകർച്ചവ്യാധി പ്രതിരോധം: ഡ്രൈ ഡേ ആചരണം കർശനമാക്കും,ജില്ലാതല പ്രതിരോധ അവലോകനയോഗം ചേർന്നു

Online Vartha
Online Vartha

തിരുവനന്തപുരം :ജില്ലയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഡ്രൈ ഡേ ആചരണം കർശനമാക്കുന്നതിനും ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിർദേശം നൽകി ജില്ലാ കളക്ടർ അനു കുമാരി. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല പകർച്ചവ്യാധി പ്രതിരോധ അവലോകനയോഗം ചേർന്നു. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളിൽ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കൊതുകിന്റെ ഉറവിടങ്ങൾ യഥാസമയം നശിപ്പിച്ച് പകർച്ചവ്യാധി പ്രതിരോധത്തിനായി എല്ലാവരും പരിശ്രമിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. സ്‌കൂളുകളിലും ഓഫീസുകളിലുമുൾപ്പെടെ ഡ്രൈ ഡേ നിർബന്ധമായും നിരീക്ഷിക്കുന്നതിനും നിർദേശം നൽകി.

പകർച്ചവ്യാധി പ്രതിരോധനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 1260 ക്ലീനിംഗ് ഡ്രൈവുകൾ നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 390 കുളങ്ങൾ വൃത്തിയാക്കി. മൂന്ന് ലക്ഷത്തോളം വരുന്ന കിണറുകളിൽ ക്ലോറിനേഷൻ ചെയ്തു. മാലിന്യസംസ്‌ക്കരണത്തിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്വാഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ആമയിഴഞ്ചാൻ തോട് ഉൾപ്പെടെ വൃത്തിയാക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏഴ് സ്‌ക്വാഡുകളേയും 10 സ്പെഷ്യൽ സ്‌ക്വാഡുകളേയും വിന്യസിച്ചിട്ടുണ്ട്. 1076 ഓടകളിൽ 108 എണ്ണം ഒഴികെ ബാക്കിയെല്ലാം വൃത്തിയാക്കിയതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

പ്ലാന്റ് നഴ്സറികൾ, റബർത്തോട്ടങ്ങൾ, കൈതച്ചക്കത്തോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് പൂർണമായും ഒഴിവാക്കുന്നതിനും ജില്ലയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അങ്കണവാടികളിലും സ്‌കൂളുകളിലും ഹാൻഡ് വാഷ് ഉപയോഗം നിർബന്ധമാക്കും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥാലയങ്ങൾ, ജുവനൈൽ ഹോമുകൾ എന്നിവിടങ്ങളിൽ മുൻകരുതൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കും.

ട്രോളിംഗ് നിരോധനമായതിനാൽ കടൽ തീരത്ത് കയറ്റിയിട്ടിരിക്കുന്ന ബോട്ടുകളിൽ വെള്ളം കെട്ടികിടക്കാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകും. തീരപ്രദേശങ്ങൾ ജലക്ഷാമമുള്ള സ്ഥലങ്ങളായതിനാൽ കൂടുതൽ കാലം വെള്ളം ശേഖരിച്ചുവെയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം നിർദേശിച്ചു.

യോഗത്തിന് ശേഷം കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ജില്ലാതല ഡ്രൈ ഡേ ആചരണവും ജില്ലാ കളക്ടർ നിർവ്വഹിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ആൽഫ്രഡ് ഒ.വി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!