കഠിനംകുളം: നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയും യുവാവിനെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത ഗുണ്ട പോലീസ് പിടിയിലായി. കഠിനംകുളം പുതുക്കുറിച്ചി ആർത്തിയിൽ പുതുവൽ പുരയിടം വീട്ടിൽ സാബു സിൽവ എന്ന് വിളിക്കുന്ന രാജീവിനെയാണ് (40) കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രി 8.30-ഓടെ ശാന്തിപുരം കോൺവെന്റ് ജംഗ്ഷന് സമീപം ചാന്നാങ്കര വെട്ടുതുറ സ്വദേശിയായ യുവാവിനെ പ്രതി വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമ വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽനിന്ന് രണ്ടര അടിയോളം നീളമുള്ള വാളും പോലീസ് കണ്ടെടുത്തു.പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ രാജീവ് കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് 2023-ൽ ഇയാളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും അക്രമങ്ങൾ തുടർന്നതോടെ 2025-ൽ കാപ്പ പ്രകാരം തിരുവനന്തപുരം ജില്ലാ അതിർത്തിയിൽനിന്ന് നാടുകടത്തി. എന്നാൽ ഈ ഉത്തരവ് ലംഘിച്ചാണ് ഇയാൾ വീണ്ടും കഠിനംകുളത്ത് എത്തി അക്രമം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.