കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശിയെ കാപ്പ നിയമപ്രകാരം വീണ്ടും കരുതൽ തടങ്കലിലാക്കി. കഠിനംകുളം, ചാന്നാങ്കര, വെട്ടുതുറ കോൺവെന്റിന് സമീപം സിതാര ഹൗസിൽ ലിജോ (37) ആണ് അറസ്റ്റിലായത്. ഒരു വർഷത്തേക്കാണ് ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായിരിക്കുന്നത്.ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ഇതിനു മുൻപും രണ്ടുതവണ കാപ്പ ചുമത്തുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം അർദ രാത്രിയിൽ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലും ലിജോ പ്രതിയാണ്.ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷവും ഇയാൾക്കെതിരെ വീണ്ടും വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പോലീസ് ശക്തമായ നടപടി സ്വീകരിച്ചത്. കഠിനംകുളം എസ്.എച്ച്. സുനുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.