തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്വദേശിയായ യുവതിയുടെ ആത്മഹത്യക്ക് മുൻപായുള്ള ഫോൺ സംഭാഷണം ചോർത്തിയതിന് പൊലീസുകാരനെതിരെ നടപടി. ആത്മഹത്യക്ക് മുൻപായി സുഹൃത്തുമായുള്ള ഫോൺ സംഭാഷണമാണ് ചോർത്തിയത്. സംഭവത്തിന് തൊട്ടുപിന്നാലെ വകുപ്പ് തല നടപടി സ്വീകരിക്കുകയുണ്ടായി. പൂന്തുറ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് റൈറ്റര്‍ നവീന്‍ മുഹമ്മദിനെയാണ് ഇതുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തത്.
ഭർത്താവാണ് തൻ്റെ ആത്മഹതൃക്ക് പിന്നിലെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. ഓഗസ്റ്റിലായിരുന്നു യുവതിയുടെ ആത്മഹത്യ. ഇതെ തുടർന്ന് അന്വേഷണം നടന്നു വരികയായിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ യുവാവിന് പങ്കുണ്ടോയെന്ന സംശയം ഇതിനിടയിൽ യുവതിയുടെ ഭർത്താവ് സംശയം ഉയർത്തിയിരുന്നു. എന്നാൽ സംശയം പരിഗണിക്കാതെ വന്നപ്പോൾ ഫോൺ സംഭാഷണങ്ങൾ ഇയാൾ പുറത്തുവിട്ടു. ഇതോടെ സംശയം ഉയർന്ന വട്ടിയൂർക്കാവ് പൊലീസ് ഇതിൻ്റെ ഉറവിടം തേടിയിറങ്ങുകയായിരുന്നു. സൈബർ സെല്ലിൽ അന്വേഷണമെത്തിയപ്പോഴാണ് മോഷണ കേസിലെ പ്രതിയുടെ ഫോൺ വിവരങ്ങൾ എന്ന പേരിൽ പൂന്തുറ സ്റ്റേഷനിൽ നിന്ന് ജൂണിൽ വിവരങ്ങൾ ശേഖരിച്ചതായി കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിൽ നവീന്‍ മുഹമ്മദാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും തുടർന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.യുവതിയുടെ ഭർത്താവിൻ്റെ ആവശ്യപ്രകാരമാണ് ഈ കൃത്രിമം കാട്ടിയതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. നവീനും യുവതിയുടെ ഭർത്താവും തമ്മിൽ സൗഹൃദത്തിലായിരുന്നു, ഇതിൻ്റെ പുറത്താണ് ഫോൺ സംഭാഷണം മോഷണം നടത്തിയത്.ആത്മഹത്യക്ക് തൊട്ടുമുൻപും ഇത്തരത്തിൽ ഫോൺ സംഭാഷണം ചോർത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും, അങ്ങനെയെങ്കിൽ ഇതാണോ ആത്മഹതൃക്ക് കാരണമെന്ന് കണ്ടെത്താനുള്ള അന്വേഷണം നടന്ന് വരുകയാണ്