നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. ഇതോടെ കേസിൽ ആകെ അറസ്റ്റിൽ ആയവരുടെ എണ്ണം 12 ആയി.
സ്റ്റാമ്പർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ സി ഐ,എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി ഇന്നലെ പാർട്ടി നടത്തിയിരുന്നു. പിറന്നാൾ പാർട്ടി പൊലീസ് നേരത്തെ വിലക്കിയിരുന്നു. പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ സ്റ്റാമ്പർ അനീഷ് ഉൾപ്പെടെ എട്ടു പേരെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.