തിരുവനന്തപുരം: കഠിനംകുളം ആതിരകൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു. വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ജോൺസൺ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ ചിങ്ങവനം പൊലീസ് കഴിഞ്ഞ ദിവസമാണ് ജോൺസണെ കസ്റ്റഡിയിലെടുത്തത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ ജനുവരി 21നാണ് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര പൂജാരിയായ ഭർത്താവ് അമ്പലത്തിലേയ്ക്കും കുഞ്ഞ് സ്കൂളിലും പോയ സമയത്ത് വീട്ടിലെത്തിയ ജോൺസൺ കുത്തിക്കൊല്ലുകയായിരുന്നു.