തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ക്കുള്ള മെഡിസിന്‍ കിറ്റ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അങ്കണവാടി സര്‍വീസസ് (ജനറല്‍) പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തെ 33,115 അങ്കണവാടികള്‍ക്കാണ് പ്രഥമ വൈദ്യ ശുശ്രൂഷ ഇനത്തില്‍പ്പെട്ട 12 ഇനങ്ങളടങ്ങിയ മെഡിസിന്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നത്. മെയിന്‍ അങ്കണവാടികള്‍ക്ക് 1500 രൂപ നിരക്കിലും മിനി അങ്കണവാടികള്‍ക്ക് 750 രൂപ നിരക്കിലുമാണ് മെഡിസിന്‍ കിറ്റ് വാങ്ങി നല്‍കുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖാന്തിരമാണ് മെഡിസിന്‍ കിറ്റ് വാങ്ങുന്നത്. ഇതിനായി കോര്‍പറേഷന് 4.96 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. മരുന്നുകളുടെ വിശദാംശങ്ങടങ്ങിയ ലീഫ്‌ലെറ്റും കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.